Home
PDF Print E-mail
Tuesday, 09 March 2010 05:23

ഇന്ദിരാനഗര്‍ സെന്റ് ജോര്‍ജ് പള്ളി ഇനി ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രം

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ മലയാളി ക്രൈസ്തവരുടെ ആത്മീയചരിത്രത്തിലെ നാഴികക്കല്ലായി ഇന്ദിരാനഗര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയെ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം നടന്ന ചടങ്ങില്‍ വച്ച് ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭി. എബ്രഹാം മാര്‍ എപ്പിഫാനിയോസ് ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മ ദിദിമോസ് പ്രഥമന്‍ ബാവയുടെ കല്പന വായിച്ചു.

ആയിരക്കണക്കിന് ഇടവകാംഗങ്ങളും വിശ്വാസികളും പ്രാര്‍ഥനായോഗത്തിലും കൂദാശയിലും പങ്കുകൊണ്ടു. പ്രാര്‍ഥനയോടെ സമീപിക്കുമ്പോള്‍ ദൈവം കരുണ കാണിക്കുമെന്നാണ് എല്ലാ മതങ്ങളിലെയും വിശ്വാസമെന്ന് പ്രഖ്യാപനപ്രസംഗത്തില്‍ അഭി.എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. മഹാഭാരതത്തിലെ കൃഷ്ണന്റെയും കുചേലന്റെയും കഥ ഇതാണ് വ്യക്തമാക്കുന്നത്. സുഹൃത്തായ കൃഷ്ണനെക്കണ്ട് ഭക്തിപാരവശ്യത്താടെയെത്തിയ കുചേലനെ ശ്രീകൃഷ്ണന്‍ കനിഞ്ഞനുഗ്രഹിച്ചു. കുചേലന്‍ ഒന്നും ചോദിക്കാതെതന്നെയാണ്, തന്നെ സ്നേഹത്തോടും ഭക്തിയോടും സമീപിച്ച ഉറ്റസുഹൃത്തിനെ എല്ലാം തിരിച്ചറിഞ്ഞ് കൃഷ്ണന്‍ അനുഗ്രഹിച്ചത് - അഭി.മെത്രാപ്പോലീത്താ ചൂണ്ടിക്കാട്ടി. ബാംഗ്ലൂരിലെ മറ്റ് ക്രിസ്ത്യന്‍ സഭകളുടെ പ്രതിനിധികള്‍, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍, മുസ്‌ലിം മതനേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കുകൊണ്ടു. എന്‍.എ. ഹാരിസ് എം.എല്‍.എ., വന്ദ്യ കോര്‍ എപ്പിസ്‌കോപ്പ സി.എം. ഫിലിപ്പോസ്, ജാലഹള്ളി സെന്റ്‌മേരീസ് വലിയ പള്ളി വികാരി ഫാ. ജേക്കബ് മാത്യു, ഭദ്രാസന പ്രതിനിധി ഫാ. ഷിജു, ഫാ. സജി ഡാനിയേല്‍, കെ.പി.സി.സി. എക്‌സിക്യുട്ടീവ് വിഭാഗം പ്രസിഡന്റ് കേണല്‍ കെ.സി.ജോര്‍ജ്, സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഫാ. വി.പി. ഇടിച്ചാണ്ടി, പ്രിന്‍സിപ്പല്‍ തോമസ് ജോര്‍ജ്, പബ്ലിസിറ്റി കണ്‍വീനര്‍ അലക്‌സ് ജോസഫ് എന്നിവര്‍ സംസാരിച്ചു.